
മനാമ: എയര്‍ കാര്‍ഗോ വഴി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ഏഷ്യക്കാരനായ യുവാവിന് ഹൈ ക്രിമിനല്‍ കോടതി (ഫസ്റ്റ് സര്‍ക്യൂട്ട്) അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു എയര്‍ കാര്‍ഗോ പാര്‍സല്‍ കസ്റ്റംസ് അധികൃതര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അതില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. പാര്‍സല്‍ സ്വീകരിക്കേണ്ടയാളുടെ വിലാസവും തിരിച്ചറിയല്‍ നമ്പറും അവര്‍ രേഖപ്പെടുത്തി. തൊട്ടുപിറകെ എത്തിയ മറ്റൊരു പാര്‍സലിലും ഇതേപോലെ മയക്കുമരുന്ന് കണ്ടെത്തി. അതില്‍ രേഖപ്പെടുത്തിയ വിലാസം മറ്റൊരാളുടേതായിരുന്നെങ്കിലും ആദ്യത്തെ പാര്‍സലിലെ അതേ തിരിച്ചറിയല്‍ നമ്പര്‍ തന്നെയായിരുന്നു.
തുടര്‍ന്ന് കേസ് ആന്റി നാര്‍കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. അവര്‍ പാര്‍സലില്‍ കണ്ട മേല്വിലാസത്തിനുള്ളയാളെ ബന്ധപ്പെട്ട് ചരക്ക് സ്വീകരിക്കാന്‍ വരാന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഡെലിവറി ജീവനക്കാരായി വേഷംമാറി കാത്തിരുന്നു. 30കാരനായ ഏഷ്യക്കാരന് പാര്‍സല്‍ സ്വീകരിക്കാനെത്തിയപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കൃത്യമായി അളക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി.


