
കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരെ ആരോപണവുമായി റിമാൻഡിലുള്ള സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്.
ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർജിയിൽ കോടതിയെ അറിയിച്ചു. എന്നാൽ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അതിനാലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കോടതിയിൽ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.


