
മലപ്പുറം: പാകിസ്ഥാൻ പരാമർശത്തില്‍ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്ത്. പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നാണ് അബ്ദുറഹ്മാൻ്റെ വിശദീകരണം. തിരൂരിൽ നടക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലെയെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞ അബ്ദുറഹ്മാൻ, ലീഗ് അനാവശ്യമായ കളവ് പ്രചരിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിൽ എന്റെ ചിത്രം മാത്രം കാണുന്നതിൽ വിഷമം ഉണ്ടാകുന്നവർ ഉണ്ടെന്ന് അറിയാം. ഇടതുപക്ഷത്തിന്റെത് കൂട്ടായ നേതൃത്വമാണ്. അതിന് നേതൃത്വം നൽകുന്നയാൾ എന്ന നിലയിൽ എന്റെ ചിത്രം ഉണ്ടാകാം. ലീഗിന്റേത് പരാജയഭീതിയാണെന്നും അബ്ദുറഹ്മാൻ വിമര്‍ശിച്ചു.
താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമർശം. പിന്നാലെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വി. അബ്ദുറഹ്മാൻ താനൂരിനെ അവഹേളിചെന്ന് മുസ്ലിം ലീഗ് വിമർശിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ പാകിസ്ഥാൻ പതാകയെന്ന് അവഹേളിച്ചവരുടെ അതേ നിലപാടാണ് മന്ത്രിയുടേതെന്ന് യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ പറഞ്ഞു. നിയമനടപടികൾ സ്വീകരിക്കുന്ന കാര്യങ്ങൾ പാർട്ടി നേതൃത്വം പറയുമെന്നും കുറുക്കോളി മൊയ്തീൻ വ്യക്തമാക്കി.


