
കൊച്ചി: കോണ്‍ഗ്രസിന്റെ വയനാട് ഫണ്ടിനെതിരായി എല്‍.ഡി.എഫ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്കി. കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസാണ് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനും വ്യാജ സ്ക്രീന്‍ഷോട്ടുകളും തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ചില ആളുകളുടെ പേരുകളും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
വയനാട് ദുരിതബാധിതര്‍ക്കുവേണ്ടി വീട് നിര്‍മിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും ജോയിന്റ് അക്കൗണ്ട് വഴി സമാഹരിച്ച ഫണ്ടിന്റെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് ഒരുക്കിയ പ്രത്യേക ആപ് വഴി ശേഖരിച്ച തുകയും യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് നല്കിയ 1,05,00,000 രൂപയും ഉള്‍പ്പെടെ സമാഹരിച്ചത് 5,38,21,632 രൂപയാണ്.
ആദ്യഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 3.245 ഏക്കര്‍ സ്ഥലം വാങ്ങാന്‍ 3,68,36,385 രൂപ ചെലവഴിച്ചു. റജിസ്ട്രേഷന്, ടി.ഡി.എസ്, സര്‍വേ എന്നിവയ്ക്കടക്കം ചെലവായതാണ് ഈ തുക. ആപ് തയാറാക്കാന്‍ 9.3 ലക്ഷം രൂപയും ചെലവായി. രണ്ടാം ഘട്ടത്തില്‍ 2.18 ഏക്കര്‍ ഭൂമി വാങ്ങാന്‍ 2,50,30,212 രൂപ ചെലവഴിച്ചു. ഒന്നാംഘട്ടത്തില്‍ ചെലവാക്കിയ തുക കഴിഞ്ഞ് ശേഷിച്ചത് 1,60,55,247 രൂപയാണ്. അതിനാല്‍ രണ്ടാം ഘട്ടത്തില്‍ ഭൂമിക്കായി കെ.പി.സി.സിയുടെ തനതു ഫണ്ടില്‍നിന്ന് 97,51,212 രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു.
ഇനി രജിസ്ട്രേഷനും സര്‍വേക്കും മറ്റുമായി 73,90,985 രൂപ ആവശ്യമുണ്ട്. ഈ തുക പാര്‍ട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതുവരെ ആകെ ചെലവായത് 6,27,96,597 രൂപയാണ്. ദുരിതാശ്വാസ ഫണ്ടില്‍ 7,76,247 രൂപയാണ് അവശേഷിക്കുന്നത്.


