
മലപ്പുറം: പൊന്നാനിയിലെ എൽഡിഎഫ് പ്രചാരണ വേദിയെ ഇളക്കിമറിച്ച് ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാർ എന്നെങ്കിലും കേരളത്തെ പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തേജ്വസി തുറന്നുപറഞ്ഞു. കേരളം എന്നും ബിഹാറിന് മാർഗദർശനം ആണ്. എല്ലാവർക്കും കേരളത്തിൽ ഒരുപോലെ വിദ്യാഭാസം സാധ്യമാകുന്നു. സാമൂഹ്യ സുരക്ഷയും എല്ലാവർക്കും ലഭിക്കുന്നു. ജാതിയുടെ വിവേചനം പാടില്ല. ഒരാളെയും മാറ്റി നിർത്തരുത്. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ പ്രളയവും കൊവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. പിണറായി സർകാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം. പ്രധാനമന്ത്രിക്ക് ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ല ആർഎസ്എസ് ഗുരുക്കന്മാർ നിർവചിച്ച പുസ്തകങ്ങൾ ആണ് അവർക്കിന് ഭരണഘടന. ആ പുസ്തകം നമ്മൾക്ക് ആവശ്യമില്ല. ബിജെപി രാജ്യത്ത് പറയുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും തേജസ്വി വ്യക്തമാക്കി.
നേമത്തെ കൺവെൻഷനിൽ പഴയ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻപിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനം. 2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഒരു കോൺഗ്രസ് നേതാവിന് മറ്റൊരു സീറ്റിൽ ജയിക്കാൻ വോട്ട് മറിച്ചെന്നായിരുന്നു ആരോപണം. നേമം മണ്ഡലത്തിലെ എൽഡിഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയുടെ കണ്‍വൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നിറഞ്ഞ സദസ്സിലേക്ക് പിണറായി വിജയൻ എത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി വേദിയിൽ കയറിയിട്ടും മുദ്രാവാക്യം വിളിക്കുന്നത് നിർത്താഞ്ഞതോടെ മുഖ്യമന്ത്രി വേദിയിൽ നിന്നും തിരിച്ച് ശാസിക്കുകയും ചെയ്തു. ഇടത് സ്ഥാനാർത്ഥിയായ വിദ്യാഭ്യാസ മന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.


