
ന്യൂയോര്‍ക്ക്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ക്കും ജോര്‍ദാനും വേണ്ടി ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു.
മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിക്കുകയും സൈനിക സംഘങ്ങളെ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഇറാനോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയമാണിത്.
സുരക്ഷാ കൗണ്‍സിലിലെ അംഗം എന്ന നിലയിലും ജി.സി.സി. സുപ്രീം കൗണ്‍സിലിന്റെ 46ാമത് സെഷന്റെ അദ്ധ്യക്ഷപദവിയിലുള്ള രാജ്യമെന്ന നിലയിലും ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം നടത്തിയ വോട്ടെടുപ്പിലാണ് പ്രമേയം അംഗീകരിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈന്‍, ഗള്‍ഫ്, ജോര്‍ദാന്‍ എന്നിവരുടെ തീവ്രമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം നടന്നത്. അതിന്റെ ഫലമായാണ് 2817ാം നമ്പര്‍ പ്രമേയം അംഗീകരിക്കപ്പെട്ടത്. സുരക്ഷാ കൗണ്സിലിനപ്പുറം വിശാലമായ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും പ്രമേയത്തിന് വിശാലമായ പിന്തുണ ലഭിച്ചു. 135 രാജ്യങ്ങള്‍ കരട് പ്രമേയത്തെ ഔദ്യോഗികമായി സഹ-സ്പോണ്സര് ചെയ്തു. ഇത് സംഘടനയുടെ ചരിത്രത്തില്‍ യു.എന്‍. അംഗരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയമായി മാറി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയുമായ ഇറാനിയന്‍ ആക്രമണത്തെ ശക്തമായി അപലപിക്കുക, നിരപരാധികളായ സാധാരണക്കാര്‍ക്കും പൊതു ഇടങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇറാനോട് ആഹ്വാനം ചെയ്യുക, വിമാനത്താവളങ്ങളും ഊര്‍ജ്ജ സൗകര്യങ്ങളും വാണിജ്യ കേന്ദ്രങ്ങളുമടക്കം തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ആക്രമിക്കുന്നതിനെ അപലപിക്കുക തുടങ്ങിയവയാണ് പ്രമേയത്തിന്റെ പ്രധാന ഉള്ളടക്കങ്ങള്‍.


