
മനാമ: സൗദി അറേബ്യയിലെ അല്‍ ഖര്‍ജില്‍ ഒരു ജനവാസ കേന്ദ്രം ലക്ഷ്യമിട്ടുണ്ടായ ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഒരു നടപടിയുമാണ് ആക്രമണമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സൗദി അറേബ്യയിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയില്‍ ആശംസിച്ചു.


