
ന്യൂയോര്‍ക്ക്: ജി.സി.സി. രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി) ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു.
ജി.സി.സിയുടെ 46ാമത് സെഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ബഹ്റൈന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗം നടന്നത്.
ഇറാനിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഒ.ഐ.സി. ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരെസ് അല്‍ റുവൈ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു. ആക്രമണങ്ങളെ അപലപിച്ചും ജി.സി.സി. രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രസ്താവനകള്‍ പുറപ്പെടുവിച്ച ഒ.ഐ.സി. അംഗരാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും പ്രസക്തമായ അന്താരാഷ്ട്ര കരാറുകളുടെയും തത്വങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും ലംഘനമാണെന്ന് ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഏതൊരു ശ്രമവും പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സാമ്പത്തിക സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.


