
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയുടെ 80ാമത് ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് അന്നലീന ബെയര്‍ബോക്കുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.
നിലവില്‍ ജി.സി.സിയുടെ 46ാമത് സെഷന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്റൈന്റെ പ്രതിനിധി എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവായ് ആണ് ജി.സി.സി. പ്രതിനിധി സംഘത്തെ നയിച്ചത്.
എല്ലാ ജി.സി.സി. രാജ്യങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഇറാനിയന്‍ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ അംബാസഡര്‍ അല്‍ റുവൈ മറ്റു ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ക്കൊപ്പം ജനറല്‍ അസംബ്ലി പ്രസിഡന്റിനെ അറിയിച്ചു. പൊതു സംവിധാനങ്ങള്‍, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെ ആക്രമണങ്ങള്‍ ബാധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.
ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണവും മദ്ധ്യസ്ഥതയും സാധ്യമാക്കുന്നതിന് ജി.സി.സി. രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ വെളിച്ചത്തില്‍ വിവേചനരഹിതമായ ഈ ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്പക്ക തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.
ജി.സി.സി. രാജ്യങ്ങള്‍ക്കും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും നേരെയുള്ള ഇറാനിയന്‍ ആക്രമണങ്ങളെ ജനറല്‍ അസംബ്ലി പ്രസിഡന്റ് അപലപിച്ചു. നിലവിലെ സാഹചര്യത്തില്‍ അവര്‍ അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.


