
മനാമ: ബഹ്റൈനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ യൂണിറ്റ് സ്ഥാനങ്ങള്‍, സൈനിക വാഹനങ്ങളുടെയും സംവിധാനങ്ങളുടെയും സഞ്ചാരം എന്നിവയുടെ ഫോട്ടോ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും അതിന്റെ പുനര്‍വിതരണവും നിരോധിച്ചതായി ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് അറിയിച്ചു.
നിലവിലെ അസാധാരണ സാഹചര്യങ്ങളുടെയും രാജ്യം നേരിടുന്ന ഇറാനിയന്‍ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷയും സുപ്രധാന ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനാണ് ഈ നടപടി. 2002ലെ സൈനിക ജുഡീഷ്യറി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17(ബിസ്)നും 1976ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 135നും അനുസൃതമായാണ് ഈ നിരോധനം.
പരമ്പരാഗത മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ നേരിട്ടോ അല്ലാതെയോ പ്രചരിപ്പിക്കുന്നതും രാജ്യത്തെ ലക്ഷ്യംവെച്ചുള്ള സംഭവങ്ങള്‍, ആക്രമണങ്ങള്‍, ആക്രമണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങളുടെയോ കെട്ടിച്ചമച്ച ഉള്ളടക്കത്തിന്റെയോ പ്രചാരണവും നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.
സായുധ സേനയുടെയും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഒരുപോലെ ദോഷം വരുത്താന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന, സൈനിക സ്ഥാപനങ്ങളോ ബഹ്റൈന്‍ പ്രതിരോധ സേനയുടെ അധികാരത്തിനു കീഴിലുള്ള സുപ്രധാന സ്ഥലങ്ങളോ ലക്ഷ്യമിടുന്നതിന് സഹായിക്കുന്ന, അല്ലെങ്കില്‍ നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്.
ഈ വ്യവസ്ഥകളുടെ ഏതൊരു ലംഘനവും രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഉത്തരവാദികളെ നിയമനടപടികള്‍ക്കും നിയമപ്രകാരമുള്ള പ്രോസിക്യൂഷനും വിധേയരാക്കുമെന്നും ബഹ്റൈന്‍ പ്രതിരോധ സേന വ്യക്തമാക്കി.


