
മനാമ: ബഹ്റൈന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിക്കൊണ്ട് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നടത്തുന്ന അള്‍ട്രാ-ലാര്‍ജ് കണ്ടെയ്നര്‍ കപ്പല്‍ എം.എസ്.സി. മരിയല്ല ഖലീഫ ബിന്‍ സല്മാന് തുറമുഖത്തെത്തി.
ബഹ്റൈന്റെ സമുദ്ര, ലോജിസ്റ്റിക് മേഖലയുടെ തുടര്‍ച്ചയായ വികസനത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കപ്പലിന്റെ വരവെന്ന് തുറമുഖ, സമുദ്രകാര്യ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ബദര്‍ ഹുദ് അല്‍ മഹമൂദ് പറഞ്ഞു.
ബഹ്റൈനും പ്രധാന ആഗോള വിപണികള്‍ക്കുമിടയില്‍ നേരിട്ടുള്ള ബന്ധം സാധ്യമാക്കുന്ന ‘ക്ലാന്ഗ’ സേവനത്തിന്റെ ഭാഗമാണ് ഈ കപ്പലിന്റെ വരവ്. ഈ സേവനം വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഗതാഗത സമയം കുറയ്ക്കുകയും ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും മേഖലയിലുടനീളമുള്ള വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും ഒരു അധിക മത്സരസാധ്യത തുറക്കുകയും ചെയ്യും.


