
ന്യൂഡല്‍ഹി: ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതിയില്‍ വന്‍ഇടിവ്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 40.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങല്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ചരക്കു ഇറക്കുമതിയില്‍ കുറവുണ്ടായത്. ജനുവരിയില്‍ റഷ്യയില്‍ നിന്ന് 286 കോടി ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 481 കോടി ഡോളറിന്റെ സാധനസാമഗ്രികള്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഈ ഇടിവ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ 80 ശതമാനവും അസംസ്കൃത എണ്ണയാണ്. എണ്ണയുടെ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറച്ചതാണ് ഈ ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
റഷ്യയുടെ യുക്രൈന് അധിനിവേശത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവായി ഊര്‍ജ്ജ വ്യാപാരം തുടരുന്നതിനാലാണ് ഈ ഇടിവ്.2023-2025 കാലഘട്ടത്തില്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചതാണ് റഷ്യന്‍ എണ്ണയെ ആശ്രയിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 2022-23ലെ 21.6 ശതമാനത്തില്‍ നിന്ന് 2024-25ല്‍ 35.8 ശതമാനമായാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ വിഹിതം വര്‍ധിച്ചത്. എന്നാല്‍ ജനുവരി മുതല്‍ എണ്ണ ഇറക്കുമതി കുറയുന്ന കാഴ്ചയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയുമായി വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന താരിഫ് ഏകദേശം 18 ശതമാനമായി അമേരിക്ക വെട്ടിക്കുറച്ചത്.


