
മനാമ: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയ കേസില്‍ ഒരു കമ്പനി നടത്തിപ്പുകാരായ മൂന്നു പേര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 4,98,121 ദിനാര്‍ പിഴയും വിധിച്ചു.
അടയ്ക്കാത്ത നികുതിത്തുകയായ 83,020 ദിനാര്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കിയെങ്കിലും അത് നികുതി വകുപ്പിന് അടയ്ക്കാതിരിക്കുകയായിരുന്നു. കമ്പനിയുടെ ഇടപാടുകള്‍ പരിശോധിച്ച നാഷണല്‍ റവന്യൂ അതോറിറ്റി അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിനാന്‍ഷ്യല്‍ ആന്റ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷന് ഇവര്‍ക്കെതിരെ കേസെടുത്തത്.


