
മനാമ: ആറാമത് ലോക സംരംഭക നിക്ഷേപ ഫോറം ഫെബ്രുവരി 10, 11 തിയതികളിൽ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കും.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ രക്ഷാകർതൃത്വത്തിൽ എക്സിബിഷൻ വേൾഡ് ബഹ്റൈൻ്റെ അത്യാധുനിക ഗ്രാൻഡ് ഹാൾ, പ്രീ-ഫംഗ്ഷൻ ഏരിയ, ഒന്നിലധികം മീറ്റിംഗ് റൂമുകൾ എന്നിവിടങ്ങളിലായിരിക്കും ഫോറം സംഘടിപ്പിക്കുക.
ബഹ്റൈനിലെ യൂനിഡോ ഇൻവെസ്റ്റ്മെന്റ് ആൻ്റ് ടെക്നോളജി പ്രമോഷൻ ഓഫീസിലെ ജനറൽ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ബഹ്റൈൻ വ്യവസായ- വാണിജ്യ മന്ത്രാലയം, യൂണിയൻ ഓഫ് അറബ് ചേംബേഴ്സ്, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. പ്രാദേശിക, അന്തർദേശീയ പങ്കാളികളുടെ വിപുലമായ ശൃംഖലയും ഇതിനുണ്ട്.
നിക്ഷേപകർ, സംരംഭകർ, നയരൂപീകരണക്കാർ, ബിസിനസ് നേതാക്കൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 800ഓളം പേർ ഫോറത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുസ്ഥിര വികസനം, കൃത്രിമബുദ്ധി, ഹരിത വളർച്ച എന്നിവയ്ക്ക് പ്രാധ്യന്യം നൽകിക്കൊണ്ട് ‘സംരംഭകത്വം, നവീകരണം, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾക്കായി മൂലധനം, സമാഹരണം എന്നിവയിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചകൾ.


