
മനാമ: ബഹ്റൈനിൽ സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) ഇലക്ട്രോണിക് പട്ടയ വിതരണ സേവനം ആരംഭിച്ചു.
പട്ടയങ്ങൾ ലഭിക്കുന്നത് സുഗമമാക്കുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, സമഗ്രമായ ഡിജിറ്റൽ പരിവർത്തന പാതയെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഈ സേവനത്തിനു കീഴിൽ ഭൂമി രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാകുകയും നിയമപരമായി നിർദേശിച്ച ഫീസ് അടയ്ക്കുകയും ചെയ്താൽ ഉപഭോക്താവിന് ഉടൻ തന്നെ ടെക്സ്റ്റ് സന്ദേശം വഴി ഒരു സുരക്ഷിത ഇലക്ട്രോണിക് ലിങ്ക് ലഭിക്കും. ഈ ലിങ്ക് ഉപയോഗിച്ച് ഉടമസ്ഥാവകാശ രേഖ ഇലക്ട്രോണിക് ഫോർമാറ്റിൽ എളുപ്പത്തിൽ കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
നേരിട്ട് ഹാജരാകുകയോ ബന്ധപ്പെട്ട അധികാരിയെ സന്ദർശിക്കുകയോ ചെയ്യാതെ തന്നെ ഏത് സമയത്തും ഏത് സ്ഥലത്തുനിന്നും പ്രമാണം ലഭിക്കാൻ ഈ സേവനം വഴി സാധിക്കും.
മുമ്പ് ഈ പ്രക്രിയയ്ക്ക് ഒരു പ്രവൃത്തിദിവസം ആവശ്യമായിരുന്നു. ഇപ്പോൾ ഇത് തൽക്ഷണ നടപടിക്രമമായി മാറി. ഇത് സമയവും പരിശ്രമവും ലാഭിക്കാനും നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഉപകരിക്കും.


