മനാമ: ബഹ്റൈൻ ദ്വിരാഷ്ട്ര എയർ ബബ്ൾ കരാർ വിസ കാലാവധി കഴിയാറായി നിൽക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് ബഹ്റൈൻ പ്രതിഭ. അതിന് മുന്നിട്ടിറങ്ങിയ ബഹ്റൈനിലെ ബഹുമാന്യ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ ഉൾപ്പെടെയുള്ള ഇന്ത്യൻ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലത്തിലെ കർമ്മ നിരതരെ ബഹ്റൈൻ പ്രതിഭ അഭിനന്ദിച്ചു.
എയർ ബബ്ൾ കരാർ പ്രകാരം യാത്ര ചെയ്യേണ്ടുന്ന ഏത് യാത്രക്കാരനും സർക്കാറുകൾ തീരുമാനിച്ച എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ എന്നിങ്ങനെയുള്ള വിമാന കമ്പനികളുടെ ടിക്കറ്റുകൾ ഉത്തരവാദപ്പെട്ട ഏത് എയർ ട്രാവൽസിൽ നിന്നും വാങ്ങി യാത്ര ചെയ്യാം. എന്നാൽ ഇപ്പോൾ കണ്ടു വരുന്ന ചില അനാരോഗ്യ പ്രവർത്തന ഫലമായി യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരന് ടിക്കറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്. അഥവാ ടിക്കറ്റ് ലഭിക്കുകയാണെങ്കിൽ അമിതമായ ടിക്കറ്റ് നിരക്ക് നൽകുകയും ചെയ്യേണ്ടുന്ന സ്ഥിതി വന്നിരിക്കുന്നത്. ഈ സാഹചര്യം ആർക്കും ബുദ്ധിമുട്ടില്ലാതെ തരണം ചെയ്യാൻ സാംസ്ക്കാരിക സംഘടനകളും അതിന് നേതൃത്വം നൽകുന്നവരും മാതൃക പരമായി പ്രവർത്തിക്കണമെന്ന് ബഹ്റൈൻ പ്രതിഭ ആവശ്യപ്പെട്ടു.
എല്ലാവർക്കും ടിക്കറ്റ് ലഭിക്കാനും അതുവഴി ട്രാവൽസുകളെ നോക്കുകുത്തിയാക്കാതിരിക്കാനും, അമിത ചാർജ്ജ് ഈടാക്കാതിരിക്കാനുമുള്ള ശ്രദ്ധ വേണം. വഴികൾ എല്ലാം സുതാര്യമായി തുറന്ന് വെച്ച് വിസ കാലാവധി കഴിയാറായ മുഴുവൻ പ്രവാസികളായ ഇന്ത്യക്കാർക്കും തിരികെ എത്തി ജോലിയിൽ പ്രവേശിക്കാൻ നിശ്ചിപ്ത താല്പര്യക്കാരുടെ മാർഗ്ഗ തടസ്സം വരാതെ നോക്കാൻ പൊതു സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായി ബഹ്റൈൻ പ്രതിഭ പ്രസിഡണ്ട് കെ.എം.സതീഷ് ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.