മനാമ: ഇന്ത്യൻ വ്യവസായ, ആഭ്യന്തര വാണിജ്യ വികസന വകുപ്പിന്റെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 29ാമത് പാർട്ണർഷിപ്പ് ഉച്ചകോടി 2024ൽ ബഹ്റൈൻ പ്രതിനിധി സംഘത്തെ നയിച്ച് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റോ പങ്കെടുത്തു.
വികസന മേഖലകളിൽ പങ്കാളികളായ സർക്കാരുകൾക്കിടയിൽ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം വർധിപ്പിക്കുന്നതിൽ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.
സമ്പന്നമായ ചരിത്രമുള്ള ഒരു പ്രധാന സാമ്പത്തിക രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. വ്യവസായം, വ്യാപാരം, നിക്ഷേപം എന്നിവയിലെ സഹകരണം, ഇന്ത്യയുമായുള്ള പങ്കാളിത്ത മേഖലകൾ വിപുലീകരിക്കൽ എന്നിവയെക്കുറിച്ച് അവർ ചർച്ച ചെയ്തു.