തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ വീടുകള്‍ നഷ്ടമായവർക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി.ഡി.സതീശന് നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ലൈബ്രറി കൗണ്‍സിൽ ജീവനക്കാർ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറും.
നാഷനല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 വീടുകൾ നിര്‍മിച്ചു നല്‍കാനോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാരിലേക്കു നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിക്കും. ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്തു കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്കു നല്കാന് സന്നദ്ധത അറിയിച്ചു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ ദുരിത ബാധിതര്‍ക്കു വീടുകള്‍ വച്ചുനല്കാന് സന്നദ്ധത അറിയിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കും. കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നൽകും.
കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീടു വെച്ചു നല്‍കാനായി വിട്ടുനൽകുമെന്ന് അറിയിച്ചു. ചലച്ചിത്ര താരം നയന്‍താര 20 ലക്ഷം രൂപയും സിനിമാ നടന് അലന്‍സിയര്‍ 50,000 രൂപയും നല്കി. കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപയും പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപയും നൽകി.