മനാമ: അനധികൃതമായി നേടിയെടുത്ത ബഹ്റൈന്‍ പൗരത്വങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി പ്രവര്‍ത്തനം സജീവമായി തുടരുകയാണെന്നും പൂര്‍ത്തിയാക്കിയ ഫയലുകളില്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായും ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.
നിയമം ലംഘിച്ച് ബഹ്റൈന്‍ പൗരത്വം നേടുന്ന വ്യക്തികള്‍ക്കെതിരെ 1963ലെ ബഹ്റൈന്‍ പൗരത്വ നിയമവും അതിലെ ഭേദഗതികളുമനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. തെറ്റായതോ വ്യാജമോ ആയ വിവരങ്ങളോ രേഖകളോ നല്കുന്ന വ്യക്തികളെ കണ്ടെത്തുകയോ ദേശീയത ദുരുപയോഗം ചെയ്യല്‍, രാജ്യത്തിന്റെ താല്പര്യങ്ങള്ക്കും സാമൂഹിക സുരക്ഷയ്ക്കും ഹാനി വരുത്തല്‍ തുടങ്ങിയ കേസുകള്‍ തെളിയിക്കപ്പെടുകയോ ചെയ്താല്‍ പൗരത്വവും അനുബന്ധ പ്രത്യേകാവകാശങ്ങളും റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. ബഹ്റൈന്‍ പൗരത്വം വഞ്ചനാപരമായി നേടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ദേശീയ കുറ്റകൃത്യമാണ്.
പൗരത്വം നേടുന്നതിന് നിയമവ്യവസ്ഥകള്‍ പാലിക്കണം. ജനങ്ങള്‍ക്ക് സുരക്ഷിതത്വവും മാന്യമായ ഉപജീവനവും നല്കുന്ന ഭരണകൂടത്തോട് അനീതി ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകും.
ബഹ്റൈന്‍ പൗരത്വം നിയമവിരുദ്ധമായി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളോ പരാതികളോ നിരീക്ഷണങ്ങളോ അറിയിക്കാന്‍ ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയ ‘997’ ഹോട്ട്ലൈനില്‍ 2024 ജൂണ്‍ 27 നും ജൂലൈ 23 നും ഇടയില്‍ 146 റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അറിയിക്കുന്നതിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വ്യക്തികളുമായി ബന്ധപ്പെടാന്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ഹോട്ട്ലൈനിലൂടെ വിലപ്പെട്ട വിവരങ്ങള്‍ നല്കി കമ്മിറ്റിയുമായി സഹകരിച്ച എല്ലാവരും പ്രകടിപ്പിക്കുന്ന ദേശസ്നേഹത്തെയും ദേശീയബോധത്തെയും മന്ത്രി അഭിനന്ദിച്ചു.