കൊച്ചി: ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ’അജയൻറെ രണ്ടാം മോഷണ”ത്തിൻറെ റിലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താത്കാലികമായി തടഞ്ഞു.
നിർമ്മാതാക്കളായ യു.ജി.എം പ്രൊഡക്ഷൻസിനെതിരെ എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ തിയേറ്റർ, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്കുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി തന്റെ പക്കൽ നിന്ന് 3.20 കോടി രൂപ വാങ്ങിയ നിർമ്മാതാക്കൾ ഉടമസ്ഥാവകാശം നിഷേധിക്കുകയും പ്രദർശനാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് പരാതി.
ഓണം റിലീസായി സെപ്തംബറിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. സുജിത് നമ്പ്യാരാണ് കഥ, തിരക്കഥ, സംഭാഷണം കൈകാര്യം ചെയ്യുന്നത്. യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ ടൊവിനോ തോമസ് മൂന്നുവേഷങ്ങളിലാണ് എത്തുന്നത്.