കണ്ണൂർ: കനത്ത മഴയിലും മഞ്ഞിലും കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വ്യക്തമായി കാണാതായതിനാൽ കുവൈത്ത് – കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല.
ലാൻഡിംഗ് അസാധ്യമായതോടെ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി വിമാനം തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമായി.