കണ്ണൂർ: തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. എ.ആർ. ക്യാമ്പ് ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോളടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടഞ്ഞതോടെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.
സന്തോഷ് കുമാറിനെ സർവീസിൽനിന്ന് സസ്പെന്റ് ചെയ്തതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ പെട്രോളടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ അനിൽ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണു സംഭവം. തളാപ്പിലെ ഭാരത് പെട്രോൾ പമ്പില്‍ സ്വന്തം കാറിലെത്തിയ സന്തോഷ് 2,100 രൂപയ്ക്ക് പെട്രോളടിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ 1,900 രൂപ മാത്രം നൽകിയ സന്തോഷ് ബാക്കി 200 രൂപ നൽകാൻ കൂട്ടാക്കിയില്ല. ബാക്കി പണം ചോദിച്ചപ്പോൾ വാഹനത്തിൽ അടിച്ച പെട്രോൾ തിരിച്ചെടുത്തോ എന്ന മറുപടിയാണ് ഇയാൾ നൽകിയതെന്ന് അനിൽ കുമാർ പറയുന്നു. ഇതിനിടെ കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അനിൽകുമാർ തടഞ്ഞു. ഇതോടെ സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. അനിൽ ബോണറ്റിൽ ഇരിക്കുന്ന നിലയിൽ 600 മീറ്റർ ദൂരം സന്തോഷ് കുമാർ കാർ ഓടിച്ചുപോയി. കഴിഞ്ഞ ഒക്ടോബറിൽ കാൽടെക്സിലെ പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്