കോഴിക്കോട്: യാത്രക്കാരെ കിട്ടാത്തതിനാൽ നവകേരള ബസ്സിന്റെ സർവീസ് മുടങ്ങി.
ഗരുഡ പ്രീമിയം ബസായി കോഴിക്കോട്– ബംഗളൂരു റൂട്ടിലായിരുന്നു സർവീസ്. ചൊവ്വാഴ്ച മുതൽ ബസ് സർവീസ് നടത്തുന്നില്ല. അഞ്ചുപേർ മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുക്ക് ചെയ്യാതെ വഴിയിൽനിന്ന് യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സർവീസ് നടത്തും. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റു ബസുകളിൽ ബംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. ബസ് സർവീസ് തുടങ്ങിയത് മെയ് ആദ്യവാരമാണ്. നഷ്ടമില്ലാതെയാണ് ഇതുവരെ സർവീസ് നടത്തിയത്.
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്സാണിത്. ആധുനിക രീതിയിൽ എ.സി. ഘടിപ്പിച്ച ബസ്സില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവര്‍ക്ക് കയറാൻ പ്രത്യേകം തയാറാക്കിയതും യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ളതുമായ ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു. ശുചിമുറി, വാഷ്ബേസിന്, ടി.വി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളുമുണ്ട്. എന്നാൽ ഈ സംവിധാനങ്ങളൊന്നും ആളുകളെ ആകർഷിക്കുന്നില്ല. ഉയർന്ന ചാർജ്ജും യാത്രക്കാരെ അകറ്റി നിർത്തുന്നു.