കുവൈറ്റ് സിറ്റി : കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) യാത്രക്കാരല്ലാത്തവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കി.
ആരോഗ്യ അധികൃതരുടെ നിർദേശപ്രകാരം, യാത്രക്കാരെ സ്വീകരിക്കാനോ യാത്രയാക്കാനോ വേണ്ടി ആർക്കും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ശാരീരിക അകലം പാലിക്കുകയും എയർപോർട്ട് കെട്ടിടങ്ങൾക്കുള്ളിൽ തിരക്ക് തടയുകയും ചെയ്യുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
കുവൈത്തിനകത്തും പുറത്തും വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള മൂന്ന് ഘട്ട പദ്ധതിക്ക് ജൂണിൽ കുവൈറ്റ് സർക്കാർ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടം ഓഗസ്റ്റ് 1 മുതൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ എയർപോർട്ടിന്റെ സാധാരണ ശേഷിയുടെ 30 ശതമാനം വരെയാണ് പ്രവർത്തിപ്പിക്കുന്നത്.
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ആറ് മാസം കൂടി കുവൈറ്റ് വിമാനത്താവളം സാധാരണ ശേഷിയുടെ 60 ശതമാനം വരെ പ്രവർത്തിക്കും. ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം പരമാവധി 200 വിമാനങ്ങളിൽ നിന്ന് പ്രതിദിനം 20,000 യാത്രക്കാരിൽ കവിയാൻ പാടില്ല. അടുത്ത വർഷം ഓഗസ്റ്റിൽ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിമാനത്താവളം പൂർണ്ണ ശേഷിയിലേക്ക് തിരിച്ചുവരും.