കോഴിക്കോട്: തൃശൂരിലെ തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനും യു.ഡിഎഫിനും ഏല്‍പ്പിച്ചത് അപ്രതീക്ഷിത ആഘാതം. കേരളത്തില്‍ അടുത്തകാലത്തൊന്നും ബി.ജെ.പി. ഒരു ലോക്സഭാ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന ഇരുമുന്നണികളുടെയും ഉറച്ച വിശ്വാസമാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്.
അതില്‍ ഏറ്റവും കടുത്ത ആഘാതം നേരിട്ടത് യു.ഡി.എഫിനാണ്. കേരള രാഷ്ട്രീയത്തിലെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാക്കളിലൊരാളായ കെ. മുരളീധരന് അവിടെ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി അതിദയനീയമായാണ് പരാജയപ്പെട്ടത്. അതും കെ. കരുണാകരന്റെ കര്‍മ്മമണ്ഡലമായിരുന്ന മണ്ണില്‍. ഈ പരാജയം കോണ്‍ഗ്രസിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല.
ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവിടെ ചില ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുകയുമുണ്ടായി. അതിനൊക്കെ പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണ മണ്ഡലത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം ബി.ജെ.പി. പക്ഷത്തേക്ക് മറിയുന്നതല്ല തൃശൂരിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം. ശക്തമായ ചില അടിയൊഴുക്കുകള്‍ സംഭവിച്ചു എന്ന് വ്യക്തം. അതില്‍ കാര്യമായ ചോര്‍ച്ചയുണ്ടായത് യു.ഡി.എഫ്. വോട്ടുകളില്നിന്നാണെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന.
മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് സിറ്റിംഗ് എം.പി ടി.എന്‍. പ്രതാപനെയായിരുന്നു. പ്രതാപനുവേണ്ടി മണ്ഡലത്തിലുടനീളം ചുമരെഴുത്തുകളും വന്നിരുന്നു. എന്നാല്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പരാജയം മണത്ത കോണ്‍ഗ്രസ് നേതൃത്വം പ്രതാപനെ മാറ്റി മുരളീധരനെ രംഗത്തിറക്കുകയായിരുന്നു. ഇത് പ്രതാപനെ അനുകൂലിക്കുന്ന കോണ്ഗ്രസുകാര്ക്കിടയിലുണ്ടാക്കിയ അതൃപ്തി വോട്ടുചോര്‍ച്ചയ്ക്ക് ഒരു കാരണമായതായി വിലയിരുത്തപ്പെടുന്നു. കൂടാതെ ചെറിയൊരു വിഭാഗമെങ്കിലും കോണ്‍ഗ്രസുകാരെ പത്മജയ്ക്ക് സ്വാധീനിക്കാനായി എന്നും കരുതാവുന്നതാണ്.
ചില ക്രൈസ്തവ സഭാ നേതാക്കളുമായി ബി.ജെ.പി. അടുത്തകാലത്ത് ബന്ധമുണ്ടാക്കിയിരുന്നു. ഇത് പരമ്പരാഗതമായി കോണ്‍ഗ്രസിനെ അനുകൂലിച്ചുപോരുന്ന ചില സഭാംഗങ്ങളുടെ വോട്ട് മറിയാന്‍ ഇടയാക്കിയതായും സൂചനയുണ്ട്. ഇതിനൊക്കെ പുറമെ കേരളത്തില്‍ ഏറ്റവുമധികം ട്രോളിന് ഇരയായ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെിരെ പരിഹാസവും അധിക്ഷേപവും ചൊരിയാന്‍ മത്സരിക്കുകയായിരുന്നു എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അനുയായികളില്‍ വലിയൊരു വിഭാഗം. അതുവഴി സുരേഷ് ഗോപിയെന്ന പേര് സജീവമായി നിലനില്‍ക്കുകയായിരുന്നു രാഷ്ട്രീയമണ്ഡലത്തില്‍. ഈ നെഗറ്റീവ് പബ്ലിസിറ്റിയും അദ്ദേഹത്തിനു തുണയായി.
ഏതായാലും തൃശൂരിലെ തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസില്‍ പുതിയ പോരിന് വഴിയൊരുക്കുമെന്നുറപ്പാണ്.