മനാമ: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്നേഹത്തിന്റെ സന്ദേശവുമായി ഒരു ക്രിസ്മസ് കൂടി ആഘോഷിക്കാൻ ബഹ്റൈനിലെ ക്രിസ്തീയ സമൂഹം ഒരുങ്ങിക്കഴിഞ്ഞു. ബഹ്റൈനിലെ മനാമയുടെ ഹൃദയഭാഗത്തുള്ള കാനൂ ഗാർഡൻ നിവാസികളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ക്രിസ്മസ് കരോൾ , ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാർ വിഷൻ ഇവന്റസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ കരോൾ ഉദ്ഘാടനം ചെയ്തു. സുബൈർ കണ്ണൂർ, സീറോമലബാർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ.ഷാജൻ സെബാസ്റ്റ്യൻ, സെക്രട്ടറി സാബിൻ, വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ, ഐസക്, ബിജു.എസ്.,മത്തായി, വിനു, വിഷ്ണു,അജിത് എന്നിവർ നേതൃത്വം നൽകി. ചാൾസ് ആലുക്ക സ്വാഗതവും, മോഹൻ ടി എ നന്ദിയും പറഞ്ഞു.
വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കാരൾ സംഘങ്ങളും സജീവമാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ കാരൾ സർവീസുകളിൽ സജീവമായി പങ്കെടുക്കുന്നു. ഇത്തവണ കാരൾ സർവിസുകൾ വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. വീടുകൾ തോറും സന്ദർശിച്ചു കാരൾ സംഘങ്ങൾ ക്രിസ്മസിന്റെ സന്ദേശം വിശ്വാസികൾക്ക് പകർന്നു നൽകി. ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് വീടുകളും ദേവാലയങ്ങളുമെല്ലാം വർണ്ണ വിളക്കുകളും നക്ഷത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ബഹ്റൈനിലെ ക്രിസ്മസ് വിപണികളും സജീവമാണ്. രുചി വൈവിധ്യങ്ങൾ തീർത്തുകൊണ്ടുള്ള വിവിധ തരം കേക്കുകൾ വിപണിയിൽ സുലഭമാണ്. നക്ഷത്രങ്ങളും പുൽക്കൂടും ആശംസ കാർഡുകളും ക്രിസ്മസ് ട്രീകളും മറ്റ് അലങ്കാര വസ്തുക്കളും വിപണിയിൽ സുലഭമാണ്.