കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി ആഗസ്റ്റ് പത്ത് മുതല്‍ സമ്പൂര്‍ണ കൊറോണ ആശുപത്രിയായി മാറും. കൊറോണ രോഗികള്‍ക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിനായാണ് ആശുപത്രി പൂര്‍ണമായും കൊറോണ ആശുപത്രിയാക്കുന്നത്. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാകുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ സി യു കിടക്കകള്‍, മള്‍ട്ടി പാരാ മോണിറ്റര്‍,മൊബൈല്‍ എക്സ്രേ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബിജി ഇസിജി മെഷീനുകള്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറുന്നത്.
സ്ട്രോക്ക് യൂണിറ്റില്‍ ഇലക്ട്രോണിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 22 കിടക്കകളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കും.സമ്പൂര്‍ണ കൊവിഡ് ആശുപത്രിയാവുന്നതോടെ 98 ഡോക്ടര്‍മാരുടെയും 300 നഴ്സുമാരുടെയും സേവനം ആവശ്യമുണ്ട്. രോഗികള്‍ വരുന്നതിനനുസരിച്ച് നാഷണല്‍ റൂറല്‍ മിഷന് വഴി ആരോഗ്യ പ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കാനാണ് തീരുമാനം.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്