ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അരിങ്ങട മിനിമോൾ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര–പുനലൂർ റോഡിൽ ചെങ്ങമനാട് ജക്ഷനിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം.
ഇയാൾ നിരവധി തവണ മിനിയെ കുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കൊലയ്ക്ക് ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി ഓടി ലോറിയിൽ കയറി കടന്നുകളയാൻ ശ്രമിച്ചു. അക്രമാസക്തനായ ജോമോനെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു.
കുത്തേറ്റ മിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. 2007 മുതൽ കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട മിനി. ഇവിടെനിന്ന് ഞായറാഴ്ച കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.