മനാമ: കിംഗ് ഫഹദ് കോസ്വേ വഴി ഇരുവശത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ആവശ്യമായ രേഖകൾ ഉണ്ടായിരിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. ഈദ് അൽ-അദ്ഹ അവധി ദിനങ്ങളിൽ യാത്രക്കാരുടെ തിരക്ക് കാരണം ഗതാഗതത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയോ ക്രോസിംഗ് ലെയ്നുകൾ തടസ്സപ്പെടുത്തുകയോ ചെയ്തേക്കാമെന്നതിനാലാണ് കിംഗ് ഫഹദ് കോസ്വേ അതോറിറ്റി (കെഎഫ്സിഎ) യാത്രാ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ബഹ്റൈൻ പൗരന്മാർ മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുള്ള അവരുടെ യഥാർത്ഥ ഐഡി കാർഡുകൾ കൊണ്ടുവരേണ്ടതാണ്. അല്ലെങ്കിൽ മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുള്ള പാസ്പോർട്ട് കൈവശം വയ്ക്കണമെന്ന് കെഎഫ്സിഎ പ്രസ്താവനയിൽ പറഞ്ഞു. ബഹ്റൈൻ പൗരന്മാരെ അനുഗമിക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് സാധുവായ റസിഡൻസ് പെർമിറ്റുകളും സാധുവായ പാസ്പോർട്ടുകളും എക്സിറ്റ്, റീ-എൻട്രി വിസകളും ഉണ്ടായിരിക്കണം. കൂടാതെ സൗദി അറേബ്യയിൽ പ്രവേശിക്കുമ്പോൾ മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കണം.
ബഹ്റൈനും സൗദി അറേബ്യക്കും ഇടയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന താമസക്കാർ സാധുതയുള്ള റസിഡൻസ് പെർമിറ്റും പാസ്പോർട്ടും കൈവശം വയ്ക്കണം, അതിന്റെ സാധുത ആറ് മാസത്തിൽ കുറയാത്തതും എക്സിറ്റ്, റീ-എൻട്രി വിസ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതുമായിരിക്കണം.
എല്ലാ യാത്രക്കാരും കോസ്വേ മുറിച്ചുകടക്കുമ്പോൾ അവർ സഞ്ചരിക്കുന്ന വാഹനത്തിന്റെ രേഖകൾ കൈവശം വയ്ക്കണം. വാഹനത്തിന്റെ ഡ്രൈവർക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ്, സാധുവായ വാഹന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (ഫോം), അല്ലെങ്കിൽ യോഗ്യതയുള്ള അധികാരികൾ സാക്ഷ്യപ്പെടുത്തിയ വാഹനത്തിന്റെ യഥാർത്ഥ ഉടമയിൽ നിന്നുള്ള അംഗീകാര സർട്ടിഫിക്കറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ പ്രി ഇൻഷൂറനസും ആവശ്യമാണ്.
സുഗമമായ യാത്രയ്ക്ക് ജിസ്റ് എന്ന ആപ്ലിക്കേഷന്റെ സഹായവും യാത്രക്കാർക്ക് സ്വീകരിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.