തിരുവനന്തപുരം : പ്രകൃതി ക്ഷോഭം, പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങൾ നേരിടുന്നതിന് കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. നേരത്തെ കേരളത്തിന് അനുവദിച്ച് 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിന് പുറമെയാണ് പുതിയ വായ്പ അനുവദിച്ചത്. ഈ രണ്ടു പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട 50 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.കേരളത്തിൽ പ്രകൃതിജുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. തീരശോഷണം അടക്കം കാലാവസ്ഥാ വ്യതിയാനം മൂലം സമീപകാലത്ത് കേരളം നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാനാണ് വായ്പ അനുവദിച്ചത്.
തീരശോഷണം തടയുന്നതിന് രൂപം നൽകിയിരിക്കുന്ന പദ്ധതികൾക്ക് പണം വിനിയോഗിക്കാം. നിലവിലെയും ഭാവിയിൽ ഉണ്ടാകാനിടയുള്ള തീരശോഷണവും കണക്കാക്കി നയങ്ങൾക്ക് രൂപം നൽകാനും തുക വിനിയോഗിക്കാവുന്നതാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ കേരളത്തെ പര്യാപ്തമാക്കുക കൂടി വായ്പ വഴി ലക്ഷ്യമിടുന്നുണ്ട്.