കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് യാതൊരു ബന്ധവുമില്ലെന്ന് മോൻസൺ മാവുങ്കൽ. ശരിയായി അന്വേഷിച്ചാൽ ഡി ഐ ജി വരെ അഴിക്കുള്ളിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പി എസിന് വരെ നേരിട്ട് ബന്ധമുള്ള കേസാണിതെന്ന് പ്രതി പറഞ്ഞു.എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്ന് മോൻസൺ അറിയിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇയാൾ. താൻ നിരപരാധിയാണെന്ന് നേരത്തെ സുധാകരൻ പ്രതികരിച്ചിരുന്നു.
ചികിത്സയ്ക്ക് വേണ്ടിയാണ് മോൻസൺ മാവുങ്കലിന്റെ അടുത്തുപോയതെന്നും താൻ മാത്രമല്ല പല പ്രമുഖരും ഇയാളുടെ അടുത്ത് പോയിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. നാളെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങളിൽ നിന്ന് മോൻസൺ പത്ത് കോടിയോളം രൂപ പല ഘട്ടങ്ങളിലായി തട്ടിയെടുത്തെന്ന് കോഴിക്കോട് മാവൂർ ചെറുവാടി യാക്കൂബ് പുരയിൽ, അനൂപ് വി.അഹമ്മദ്, എം.ടി.ഷമീർ, സിദ്ധിഖ് പുരയിൽ, ഇ.എ.സലിം, ഷാനിമോൻ എന്നിവർ നൽകിയ പരാതിയിലാണ് 2021 സെപ്തംബറിൽ ക്രൈംബ്രാഞ്ച് കേസെടുത്തത്.
സുധാകരന്റെ സാന്നിദ്ധ്യത്തിൽ താൻ 25 ലക്ഷം രൂപ മോൻസണ് നൽകിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയിൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നൽകിയത്.