മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ലീല ജഷൻമാൾ പ്രഭാഷണ പരമ്പര’ ജൂൺ 17ന് വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസിയുടെ മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടക്കും. പ്രഭാഷണ പരമ്പരയിൽ അഗ്നി നാൽ മിസൈലിന്റെ മുൻ പ്രൊജക്ട് ഡയറക്ടറും, നിലവിൽ എയിറോനോട്ടിക്കൽ സിസ്റ്റം ഡയറക്ടർ ജനറലുമായ ഡോ ടെസി തോമസ് സംസാരിക്കും. ഇന്ത്യയിൽ മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആദ്യ വനിതാ ശാസ്ത്രജ്ഞയാണ് അവർ.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, പത്നി മോണിക്കാ ശ്രീവാസ്തവ, ബഹ്റൈനിലെ നാഷണൽ സ്പെയ്സ് സയൻസ് എജൻസിയുടെ സിഇഒ ഡോ മുഹമ്മദ് ഇബ്രാഹിം അൽ അസീറി എന്നിവർ മുഖ്യാതിഥികളായിരിക്കും. “സ്ത്രീകളും ശാസ്ത്രീയ പുരോഗതിയും – ബഹിരാകാശ ഗവേഷണത്തിൽ ലിംഗ വൈവിധ്യം സാധ്യമാക്കുന്നു” എന്ന വിഷയത്തിലാണ് പ്രഭാഷണം.
പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഐഎൽഎ ജനറൽ സെക്രട്ടറി ഡോ തേജീന്ദർ കൗർ സർനയുമായി 39157282 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്ട്രേഷൻ 2023 ജൂൺ 14 ബുധനാഴ്ചയോടെ അവസാനിക്കും.