മനാമ: ബഹറിനിലെ പ്രമുഖ സംഗീത-കലാ പഠന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് അതിന്റെ പ്രവർത്തനത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. വോക്കൽ മ്യൂസിക്, വയലിൻ, കീബോർഡ്, ഗിറ്റാർ, പിയാനോ, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുറ്റിപ്പുഡി, കഥക്, ചിത്രരചന, സമകാലിക കലകൾ, തീയറ്റർ ആർട്സ് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടുതൽ പേരിലേക്ക് ഈ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ഇസാ ടൗണിൽ ബഹ്റൈൻ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട്, ജൂഫെയറിൽ മിരായ അക്കാദമി, ഹൂറയിൽ യോമൈ അക്കാദമി എന്നിവയുമായി സഹകരിച്ച് ഐ.ഐ.പി.എ യുടെ കീഴിൽ ക്ലാസുകൾ ആരംഭിക്കും.
ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 26 ഉച്ചയ്ക്ക് രണ്ടു മണി മുതൽ ‘ആഘോഷ് 2023’ എന്ന പേരിൽ കെസിഎ വി കെ എൽ ഓഡിറ്റോറിയത്തിൽ വാർഷിക ആഘോഷ പരിപാടികൾ അരങ്ങേറും. ബഹ്റൈനിൽ 2003-ൽ സ്ഥാപിതമായ, ഉയർന്ന നിലവാരമുള്ള സംഗീത-കലാ വിദ്യാഭ്യാസം നൽകുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ആരംഭിച്ച ഐഐപിഎ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരമ്പരാഗത കലാരൂപങ്ങളിൽ മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. വിദ്യാർത്ഥികൾക്കും സംഗീതത്തെ സ്നേഹിക്കുന്ന സമൂഹത്തിനും ഇടയിൽ നല്ല സാംസ്കാരികവും സംഗീതവുമായ അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടത്തുന്നതെന്ന് മാനേജിങ് ഡയറക്ടർ അമ്പിളിക്കുട്ടൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഐ ഐ പി എ ഡയറക്ടർ എൻവി മോഹൻദാസ്, ഓഫീസ് സെക്രട്ടറി ശ്രീലത എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.