വത്തിക്കാന്: ഫ്രാൻസിസ് മാർപ്പാപ്പയെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മാർപ്പാപ്പക്ക് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസം അദ്ദേഹം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2021 ജൂലൈയിൽ 10 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് മാർപ്പാപ്പ വൈദ്യസഹായം തേടുന്നത്. വിശുദ്ധ വാരത്തിന് മുന്നോടിയായി മാർപ്പാപ്പയുടെ ആരോഗ്യനിലയിലെ ബുദ്ധിമുട്ട് വിശ്വാസികളെ ആശങ്കയിലാക്കുന്നുണ്ട്. ഓശാന ഞായറാഴ്ച ആരംഭിക്കുന്ന വിശുദ്ധ വാരത്തിലെ മാർപ്പാപ്പയുടെ സാന്നിധ്യത്തെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു. കാലിലെ ലിഗമെന്റിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വീൽചെയറിന്റെ സഹായത്തോടെയാണ് മാർപ്പാപ്പ സഞ്ചരിക്കുന്നത്.