പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഡ്രൈവർ ബാലസുബ്രഹ്മണ്യം അലക്ഷ്യമായി വാഹനമോടിച്ചതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയും അപകടത്തിന്റെ തുടർവശങ്ങളിൽ വ്യക്തതയും വരുന്നതോടെ നടപടിക്രമങ്ങളിൽ മാറ്റം വന്നേക്കും. കൂടുതൽ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്. പരിക്കേറ്റ 14 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇലവുങ്കലിൽ നിന്ന് കണമലയിലേക്ക് പോകുന്ന വഴി നാറാണൻ തോട് ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. അപകടസമയത്ത് 64 മുതിർന്നവരും എട്ട് കുട്ടികളും ഉൾപ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്.