ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്ന് ഫൈസലിന്റെ ഹർജിയിൽ പറയുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും കെ.ആർ.ശശിപ്രഭുവും ആവശ്യപ്പെട്ടു. ഹർജി ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസൽ കോടതിയെ സമീപിച്ചത്.