റിയാദ്: റമദാനിൽ മക്കയിൽ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വാഹന പാർക്കിംഗിനുള്ള കൂടുതൽ സൗകര്യങ്ങളൊരുക്കി ട്രാഫിക് വകുപ്പ്. മക്ക പട്ടണത്തിന് പുറത്ത് അഞ്ച് പാർക്കിംഗ് സ്ഥലങ്ങളും അകത്ത് ആറ് പാർക്കിംഗ് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ബാഹ്യ പാർക്കിംഗ് സ്ഥലങ്ങൾ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് സമീപമാണ്.
ഹജ്സ് ശറാഅ, ഹജ്സ് അൽഹദാ, ഹജ്സ് നൂരിയ, ഹജ്സ് സാഇദി, ഹജ്സ് അലൈത് എന്നിവയാണവ. മക്കയ്ക്ക് പുറത്ത് നിന്ന് വരുന്നവർക്ക് ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇവിടെ നിന്ന് ഹറമിലേക്കും തിരിച്ചും മുഴുവൻ സമയ ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഹറമിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി മക്കയ്ക്കുള്ളിൽ ആറ് പാർക്കിംഗ് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അമീർ മുത്ഇബ് പാർക്കിങ്, ജംറാത്ത്, കുദായ്, സാഹിർ, റുസൈഫ, ദഖം അൽവബർ എന്നിവയാണവ.
തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾ നിയുക്ത പാർക്കിംഗ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാൻ ട്രാഫിക് വകുപ്പ് നിരവധി ട്രാഫിക് കൺട്രോൾ പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് അനുയോജ്യമായ സ്റ്റോപ്പുകളും റോഡുകളും തിരഞ്ഞെടുക്കാനും പൊതുഗതാഗതം ഉപയോഗിക്കാനും ഹറമിലെത്താനും എളുപ്പമാക്കുന്ന ഇന്ററാക്ടീവ് മാപ്പുകളും ട്രാഫിക് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.