തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ ഈ മാസം 30ന് വിധി. കേസിൽ വിചാരണ ആരംഭിച്ചത് മുതൽ സാക്ഷികൾ തുടർച്ചയായി കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സാക്ഷികളിൽ പലരും പ്രതികൾക്കൊപ്പമാണ് കോടതിയിൽ എത്തിയിരുന്നത്. സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയതോടെ കൂറുമാറ്റം ഒരുപരിധിവരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു. വിചാരണ വേളയിൽ കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധം കാരണം മൊഴി മാറ്റിയിരുന്നു.
കക്കി മൂപ്പൻ ഉൾപ്പെടെ 122 സാക്ഷികളാണ് മധു കേസിലുള്ളത്. ഇതിൽ 103 പേരെ വിസ്തരിക്കുകയും 10 മുതൽ 17 വരെ സാക്ഷികൾ രഹസ്യമൊഴി നൽകുകയും ചെയ്തു. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. രഹസ്യമൊഴി നൽകിയ എട്ട് പേരിൽ പതിമൂന്നാം സാക്ഷി സുരേഷ് കുമാർ മാത്രമാണ് മൊഴിയിൽ ഉറച്ചുനിന്നത്.
ജാമ്യത്തിലിറങ്ങിയ പ്രതികളും സാക്ഷികളും ഒരേ പ്രദേശത്തുള്ളവരാണ്. സാക്ഷികളിൽ ഭൂരിഭാഗവും പ്രതികളെ ആശ്രയിക്കുന്നവരാണ്. വിചാരണ തുടങ്ങാൻ വൈകിയതും കൂറുമാറ്റം എളുപ്പമാക്കി. ഇതോടെയാണ് സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയത്. പ്രതികളും സാക്ഷികളും പോലീസ് നിരീക്ഷണത്തിലായി. പ്രതികളുടെ ഫോൺ കോളുകളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചു. പ്രതികൾ സാക്ഷികളെ നേരിട്ടും ഇടനിലക്കാർ മുഖേനയും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആനവായി സ്വദേശി ആഞ്ചനാണ് പ്രധാന ഇടനിലക്കാരൻ. ആസൂത്രിതമായ കൂറുമാറ്റം നടന്നതായി വ്യക്തമായതിനെ തുടർന്നാണ് 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.