ന്യൂഡൽഹി: സവർക്കറെ രാഹുൽ ഗാന്ധി ആവർത്തിച്ച് അപമാനിക്കുന്നതിനെ പരസ്യമായി എതിർത്ത ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗവുമായുള്ള പ്രശ്നം അവസാനിപ്പിക്കാൻ കോൺഗ്രസ്. വിഷയത്തിൽ ശിവസേനയുടെ എതിർപ്പ് കണക്കിലെടുത്ത് രാഹുൽ ഗാന്ധി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സവർക്കറുടെ പേരിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ അടഞ്ഞ അധ്യായമായി മാറിയെന്നും റാവത്ത് വിശദീകരിച്ചു.
ഞങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. ഞങ്ങളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ്, സവർക്കറിനെതിരെയല്ല. നല്ല കാര്യങ്ങളാണ് ചർച്ചചെയ്തത്. ഐക്യം അതേപടി നിലനിൽക്കുന്നു. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും റാവത്ത് പറഞ്ഞു.
രാഹുലിന്റെ പ്രസ്താവനയിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് ശിവസേന വിട്ടുനിന്നിരുന്നു. സവർക്കർ ദൈവത്തെപ്പോലെയാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു. മാപ്പ് പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന് രാഹുൽ നേരത്തെ പറഞ്ഞതാണ് വിവാദമായത്.