കൊച്ചി: ജഡ്ജി ചേംബറിൽ വെച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽ നിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി കെ അനിൽ കുമാറിനെ സ്ഥലം മാറ്റി. അനിൽ കുമാറിനെ പാലാ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായാണ് നിയമിച്ചത്.
സംഭവം പുറത്ത് പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് പറഞ്ഞതായും ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിച്ചു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
മാർച്ച് 11നാണ് അഭിഭാഷക അനിൽ കുമാറിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. അനിൽ കുമാർ തന്നെ ചേംബറിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കുകയായിരുന്നുവെന്നും ഇത് മാനസിക വിഷമമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.