ഷാര്‍ജ: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെയുണ്ടായത് ശക്തമായ മഴ. റോഡുകളിൽ പാറകളും മറ്റും വീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ ചില പ്രദേശങ്ങളിൽ റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലും റാസല്‍ഖൈമയിലുമാണ് ഗതാഗതം തടസ്സപ്പെട്ടത്.
റാസല്‍ഖൈമയിലെ ഖോര്‍ഫുകാന്‍ – ദഫ്ത റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്. പാറകൾ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളിൽ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തുന്നുണ്ടെന്നും റോഡുകൾ അടയ്ക്കുന്നത് സംബന്ധിച്ച അറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണമെന്നും യാത്രയ്ക്കായി സുരക്ഷിതമായ മറ്റ് റോഡുകൾ തിരഞ്ഞെടുക്കണമെന്നും പോലീസ് അറിയിച്ചു.
ഖോര്‍ഫുകാന്‍ റോഡ് ഭാഗികമായി അടയ്ക്കുന്നത് സംബന്ധിച്ച് ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (എസ്ആർടിഎ) വിജ്ഞാപനം പുറപ്പെടുവിച്ചു. ദഫ്ത ബ്രിഡ്ജ് മുതൽ വസ്ഹ സ്ക്വയർ വരെയുള്ള ഭാഗം അടച്ചതായി ഷാർജ അധികൃതർ അറിയിച്ചു. അല്‍ ദൈത് റോഡ്, മലീഹ റോഡ് എന്നിവിടങ്ങളിലെ ബദൽ പാതകൾ ഉപയോഗിക്കണം. ദുബായ്, അബുദാബി, ഫുജൈറ, ഷാർജ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ 7 വരെ മഴ ലഭിച്ചു. ഇതേതുടർന്ന് ചില പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.