കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ മനോഹരൻ കുഴഞ്ഞുവീണ് മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന് കുടുംബം. ഹൃദയാഘാതമുണ്ടായെങ്കിൽ അത് പോലീസ് മർദ്ദനം മൂലമാണെന്ന് അമ്മയും സഹോദരനും ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും കുടുംബത്തിന് നിയമസഹായം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. പോലീസ് മർദ്ദനമാണ് മരണത്തിന് പിന്നിലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മനോഹരന്റെ കുടുംബം ആവർത്തിച്ചു.
കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം സുധാകരൻ ആരോപിച്ചു. മനോഹരന്റെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപ നൽകണമെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അടുത്ത ദിവസം മുതൽ ബിജെപിയും സമരത്തിനൊരുങ്ങുകയാണ്.