ഭോപാൽ: നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റകളിൽ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ സാഷ എന്ന പെൺ ചീറ്റപ്പുലിയാണ് ചത്തത്. വൃക്ക രോഗത്തെ തുടർന്നായിരുന്നു മരണം. ദൈനംദിന പരിശോധനകളിൽ, സാഷ ക്ഷീണത്തിന്റെയും തളർച്ചയുടെയും ലക്ഷണങ്ങൾ കാണിച്ചിരുന്നു.
തുടർന്നുള്ള വിദഗ്ധ പരിശോധനയിൽ സാഷയ്ക്ക് നിർജ്ജലീകരണം സംഭവിച്ചതായും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തി. ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലാണെന്ന് രക്തപരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വൃക്കയിൽ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വനത്തിലേക്ക് തുറന്നു വിട്ട മൂന്ന് ചീറ്റപ്പുലികളിൽ ഒന്നായിരുന്നു സാഷ.
തിങ്കളാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നും കുനോയിലെ മറ്റ് ചീറ്റപ്പുലികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പ്രത്യേക പദ്ധതി പ്രകാരം നമീബിയയിൽ നിന്ന് അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺചീറ്റകളെയുമാണ് കൊണ്ടുവന്നത്.