കുവൈത്ത് സിറ്റി: കുവൈറ്റിൽ ഗതാഗതക്കുരുക്ക് രൂക്ഷം. റംസാൻ മാസത്തിൽ സർക്കാർ ഓഫീസുകൾക്കായി ഫ്ലെക്സിബിൾ ജോലി സമയ സമ്പ്രദായം ഏർപ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. പ്രവൃത്തി സമയം ക്രമീകരിക്കുന്നതോടെ ഗതാഗതക്കുരുക്കിന് കുറവുണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ഇത് നടപ്പിലാക്കിയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
നേരത്തെ സ്കൂൾ സമയത്തും ഓഫീസ് സമയത്തും മാത്രമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ സർക്കാർ ഓഫീസുകൾ മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തനം ആരംഭിച്ചതോടെ റോഡുകളിൽ എല്ലായ്പ്പോഴും തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥരെയും ട്രാഫിക് പട്രോളിംഗിനെയും കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
റംസാനിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഫ്ലെക്സബിൾ ജോലി സമയം നടപ്പിലാക്കിയത്. ഇത് വിജയകരമായാൽ റംസാന് ശേഷവും ഈ സംവിധാനം തുടരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നിരുന്നാലും, പുതിയ സംവിധാനം വിപരീത ഫലമാണ് സൃഷ്ടിച്ചതെന്നാണ് നിലവിലുള്ള വിലയിരുത്തൽ.