തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതികരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ നടപടി കോൺഗ്രസ് അംഗീകരിക്കുന്നില്ല. ഏത് പാർട്ടി, ഏത് നേതാവ് എന്ന് നോക്കിയല്ല സി.പി.എം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയയ്ക്കും കവിതയ്ക്കുമെതിരായ നിലപാടിൽ കോൺഗ്രസിന് എതിർപ്പില്ല.
രാഹുലിന്റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന്റെ ഏക പ്രശ്നം. വയനാട് മത്സരിക്കുമോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല പിന്തുണ. കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണ്. വയനാട് തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസിനെതിരായ നിലപാട് സി.പി.എം സ്വീകരിക്കും. സി.പി.എമ്മിന്റെ ആദ്യശത്രു കോൺഗ്രസല്ല, ബി.ജെ.പിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.