ജൂനിയർ എൻടിആറിനെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. കൊരടാല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ‘എൻടിആർ 30’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ നായികയാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ‘എൻടിആര്‍ 30’ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ജൂനിയർ എൻടിആറും ജാൻവി കപൂറും പങ്കെടുത്ത പൂജ ചടങ്ങോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിനായി ജാൻവി കപൂറിന് റെക്കോർഡ് പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആറിന്റെയും ജാൻവിയുടെയും കഥാപാത്രങ്ങൾ എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജൂനിയർ എൻടിആറും ജാൻവി കപൂറും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
‘എൻടിആർ 30’ 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രത്നവേലുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്.