തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളിലായി നിർമിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപ മുതൽമുടക്കും 10 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണവുമുണ്ടാകും. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സയൻസ് പാർക്കുകളിലെ പ്രിൻസിപ്പൽ അസോസിയേറ്റ് സർവകലാശാലകൾ യഥാക്രമം കണ്ണൂർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള സർവകലാശാല എന്നിവയായിരിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സയൻസ് പാർക്ക് സ്ഥാപിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിച്ചു.
സയൻസ് പാർക്കുകൾക്കായി ഭൂമി ഏറ്റെടുക്കാൻ കെ.എസ്.ഐ.ടി.എല്ലിനെ ചുമതലപ്പെടുത്തി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്സ് – ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ പി സുധീര്‍ ചെയര്‍മാനായ ഒമ്പത് അംഗ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു. സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ നിയോഗിക്കും. ഇതിനുള്ള ചെലവ് കിഫ്ബി ഫണ്ടിൽ നിന്ന് വഹിക്കും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.