ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ടാണ് യോഗം.
1,134 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,026 ആയി ഉയർന്നു. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 5,30,813 ആയി ഉയർന്നു. നിലവിൽ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്.
കോവിഡ് കേസുകൾ കൂടിയ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. പ്രാദേശിക വ്യാപനമാണ് കേസുകൾ ഉയരാൻ കാരണമെന്ന് കത്തിൽ പറയുന്നു.