ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപയോഗിക്കാത്ത ഇന്ത്യൻ അടുക്കളകൾ വിരളമായിരിക്കും. വിഭവങ്ങൾക്ക് രുചി കൂട്ടുന്നതോടൊപ്പം ഇവ പ്രദാനം ചെയ്യുന്ന ആരോഗ്യഗുണങ്ങളും നിരവധിയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലോവ്നീത് ബദ്ര.
ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇഞ്ചിയിലും, വെളുത്തുള്ളിയിലും ധാരാളമുണ്ട്. വീക്കത്തിന് കാരണമാകുന്ന പ്രോ ഇൻഫ്ലമേറ്ററി പ്രോട്ടീനുകളെ തടയാൻ ഇതിന് കഴിയുന്നു. അലിസിൻ, ഡയലിൽ സൾഫൈഡ് എന്നീ ഘടകങ്ങൾ ചേർന്ന വെളുത്തുള്ളിയും, ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇഞ്ചിയും ഒത്തുചേരുമ്പോൾ ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നു.
ഭക്ഷണത്തിലൂടെ ശരീരത്തിൽ അടിയുന്ന അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കുന്നതിനും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളുത്തുള്ളി. കൂടാതെ ദഹനപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്.