തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ രണ്ട് പ്രതികൾ റിമാൻഡിൽ. പ്ലാക്കീഴ് സ്വദേശി അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മുടിവെട്ടിയ രീതിയെ കളിയാക്കിയതിന് പെൺകുട്ടി മർദ്ദിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
ചെങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇന്നലെ വൈകിട്ട് 4 മണിയോടെ ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ആക്രമിച്ചത്. മുടിവെട്ടിയതിനെ കളിയാക്കിയതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ആൺകുട്ടിയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് പ്രതികൾ പറഞ്ഞു. പ്രതികളായ അരുൺ പ്രസാദ്, വിനയൻ എന്നിവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
മുടി മുറിച്ച രീതിയെ കളിയാക്കിയപ്പോൾ പെൺകുട്ടി ചീത്ത പറയുകയും നാലംഗ സംഘത്തിലെ ഒരാളെ ചവിട്ടുകയും ചെയ്തതായി പ്രതികൾ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു.